നന്ദി.. കലയും ജീവിതവും കൈകോര്‍ക്കുന്ന പരുതൂരിന്റെ മണ്ണില്‍ ഒരു കലോത്സവത്തിനുകൂടി തിരശ്ശീലവീണു. നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരിസുഹൃത്തുക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളുടെ കലാമേള ഉത്സവമാക്കി.. എല്ലാവര്‍ക്കും നന്ദി... അരങ്ങില്‍ വസന്തമൊരുക്കിയ കലാപ്രതിഭകള്‍ക്ക് അഭിവാദനങ്ങള്‍.. മത്സരങ്ങള്‍ക്കപ്പുറം ജീവിതത്തിലാകെ തെളിച്ചം പകരട്ടെ, ഈ ഉത്സവം.. ആശംസകളോടെ, പ്രോഗ്രാംകമ്മിറ്റി

Tuesday, 19 November 2013

ഓര്‍മ്മകളില്‍ ഒരു വായ്ത്താരി


പില്‍ക്കാലത്ത് നാടകവേദിയില്‍ വിശേഷിച്ച് കുട്ടികളുടെ നാടകവേദിയില്‍ സജീവസാന്നിദ്ധ്യമായ ശ്രീ.എ.പി.കേലു പരുതൂര്‍ഹൈസ്കൂളിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയാണ്. ഓര്‍മ്മയിലെ കലോത്സവത്തിലേക്ക് കേലുമാഷ് അയച്ചുതന്ന ചെറുകുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒപ്പം അദ്ദേഹം അയച്ചുതന്ന വിലപിടിച്ച ഒരു സര്‍ട്ടിഫിക്കറ്റും. നോക്കൂ, മള്‍ട്ടിക്കളര്‍വിസ്മയങ്ങള്‍ വിരിയാത്തകാലത്ത് , പഴയ കനംകുറഞ്ഞ മഞ്ഞക്കടലാസില്‍ അച്ചടിച്ച ഈ സര്‍ട്ടിഫിക്കറ്റ് ഈ വിദ്യാലയത്തിലെ ആദ്യകലോത്സവത്തിലേതാണ്. ഓര്‍മ്മകളുടെ വൈകാരികതക്കപ്പുറം ഈ മഞ്ഞനിറം ചരിത്രംകൂടിയാണ്.


കട്ടീം... കട്ടീം... കങ്കട്ടീം.. കട്ടീം..


1976. നാടപറമ്പില്‍ ഹൈസ്കൂള്‍ തുടങ്ങിയകൊല്ലം. ഞാന്‍ എട്ടാംക്ലാസ്സില്‍ ചേര്‍ന്നു. അഭിനയം വളരെ ഇഷ്ടമായതിനാല്‍ സ്കൂളിലെ അഭിനയക്കൂട്ടത്തില്‍ എത്തിപ്പെട്ടു. ഗിരീശനും രാമദാസനുമൊക്കെ കൂടെയുണ്ടായിരുന്നു. അന്ന് തനതുനാടകത്തിന്റെ കാലമാണ്. കാവാലത്തിന്റെ കാലം. ഞങ്ങള്‍ കൈകുറ്റപ്പാട് എന്ന നാടകം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പഠിപ്പിക്കാന്‍ പാണിമാഷും ഗംഗാധരന്‍മാഷും. ചുവടുകളുള്ള നാടകമാണ്. തിറയുടെ ചുവടുകള്‍ മതിയെന്ന് തീരുമാനമായി. പഠിപ്പിക്കാന്‍ ആശാന്‍ ചെമ്പ്രയില്‍നിന്നെത്തി. ആശാന്‍ വായ്ത്താരിയിട്ടുചുവടുവച്ചു. കട്ടീം... കട്ടീം... കങ്കട്ടീം.. കട്ടീം.. ഇത്രയും വായ്ത്താരി എളുപ്പത്തില്‍ മനസ്സിലാവും. പിന്നെപറയുന്നത് ഒരു രക്ഷയുമില്ല. ആശാനും ഞങ്ങളും കുഴങ്ങി. നിരാശനായി ആശാന്‍ തിരിച്ചു . മനസ്സിലാക്കിയോളംവച്ച് ഞങ്ങള്‍ തുടര്‍ന്നു. കട്ടീം... കട്ടീം... കങ്കട്ടീം.. കട്ടീം.. കുട്ടിക്കാലവും കലോത്സവവുമോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഇപ്പോഴും ഈ വായ്ത്താരിയെത്തുന്നു. ഇപ്പോഴും എന്നെ പ്രചോദിപ്പിക്കുന്ന പരുതൂരിലെ നാടകകാലവും.....


No comments:

Post a Comment