നന്ദി.. കലയും ജീവിതവും കൈകോര്‍ക്കുന്ന പരുതൂരിന്റെ മണ്ണില്‍ ഒരു കലോത്സവത്തിനുകൂടി തിരശ്ശീലവീണു. നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരിസുഹൃത്തുക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളുടെ കലാമേള ഉത്സവമാക്കി.. എല്ലാവര്‍ക്കും നന്ദി... അരങ്ങില്‍ വസന്തമൊരുക്കിയ കലാപ്രതിഭകള്‍ക്ക് അഭിവാദനങ്ങള്‍.. മത്സരങ്ങള്‍ക്കപ്പുറം ജീവിതത്തിലാകെ തെളിച്ചം പകരട്ടെ, ഈ ഉത്സവം.. ആശംസകളോടെ, പ്രോഗ്രാംകമ്മിറ്റി

Tuesday 19 November 2013

കൂട്ടായ്മയുടെ ഉത്സവങ്ങള്‍


ഒരു കലോത്സവക്കാലം കൂടി വരവായി... നിറഞ്ഞ ഗൃഹാതുരതയോടെയല്ലാതെ കലോത്സവങ്ങളെപ്പറ്റി ഓര്‍ക്ക വയ്യ തന്നെ.. ഓരോ കലോത്സവം കഴിയുമ്പോഴും ഒരു വിധ ബഹളങ്ങളിലും ഉള്‍പ്പെടാതെ, മാധ്യമ ശ്രദ്ധകള്‍ക്ക് വിഷയമാവാതെ മടങ്ങുന്ന ഒരു കൂട്ടം  കുട്ടികളുണ്ടാകും... നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാതെ വന്ന് സംത്രിപ്തിയോടെ മടങ്ങുന്നവര്‍... ആ കൂട്ടത്തിലായിരുന്നു ഞങ്ങളുടെയും സ്ഥാനം.. വിരലില്‍ എണ്ണാവുന്ന വ്യക്തിഗത നേട്ടങ്ങളൊഴിച്ച് മറ്റൊന്നും പോയന്റ് പട്ടികയില്‍ ചേര്‍ക്കാതെ പോകുന്നവര്‍... പക്ഷേ, മറ്റാരെക്കാളും കൂടുതല്‍ കലോത്സവങ്ങള്‍ ആസ്വദിച്ചിരുന്നു ഞങ്ങള്‍.... സ്വന്തമായി ചുവടിട്ടു പഠിച്ചെടുത്ത തിരുവാതിരക്കളിയും, എവിടെ നിന്നൊക്കെയോ കേട്ടു പഠിച്ച സംഘ ഗാനങ്ങളും കൊണ്ട് കലോത്സവങ്ങളെ ശരിക്കും ഉത്സവങ്ങളാക്കി മാറ്റിയിരുന്നവര്‍.... ഞങ്ങള്‍ക്ക് കലോത്സവങ്ങള്‍ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളായിരുന്നു.... ക്ലാസ്സ് കളഞ്ഞ് പരിശീലനങ്ങള്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യം മുതല്‍ കലോത്സവ ദിനങ്ങളില്‍ അധ്യാപകരില്‍ നിന്ന് ലഭിക്കുന്ന കരുതലും ശ്രദ്ധയും വരെയുള്ള ആനുകൂല്യങ്ങള്‍ കലോത്സവ ദിനങ്ങളെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളാക്കി മാറ്റിയിരുന്നു.... ഇന്ന്, അധ്യാപക ജീവിതത്തിലെ ആദ്യത്തെ കലോത്സവത്തിനു അരങ്ങൊരുങ്ങുമ്പോള്‍, കലോത്സവത്തെ ആവേശത്തോടെ കാത്തിരുന്നിരുന്ന ആ പഴയ സ്കൂൾ കുട്ടി എന്റെ ഉള്ളില്‍ വീണ്ടും തല പൊക്കുന്നുണ്ട്....  കൂടെ, കലോത്സവങ്ങളെ പണക്കൊഴുപ്പിന്റെ മത്സരങ്ങളായല്ലാതെ, കൂട്ടായ്മയുടെ ഉത്സവങ്ങളായി കണ്ട് ആഘോഷിക്കുവാൻ ഇനിയും നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ഥനയും..

No comments:

Post a Comment