നന്ദി.. കലയും ജീവിതവും കൈകോര്‍ക്കുന്ന പരുതൂരിന്റെ മണ്ണില്‍ ഒരു കലോത്സവത്തിനുകൂടി തിരശ്ശീലവീണു. നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരിസുഹൃത്തുക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളുടെ കലാമേള ഉത്സവമാക്കി.. എല്ലാവര്‍ക്കും നന്ദി... അരങ്ങില്‍ വസന്തമൊരുക്കിയ കലാപ്രതിഭകള്‍ക്ക് അഭിവാദനങ്ങള്‍.. മത്സരങ്ങള്‍ക്കപ്പുറം ജീവിതത്തിലാകെ തെളിച്ചം പകരട്ടെ, ഈ ഉത്സവം.. ആശംസകളോടെ, പ്രോഗ്രാംകമ്മിറ്റി

കേരളീയകലകള്‍

സ്കൂള്‍കലോത്സവവേദി കേരളീയകലകളെ അടുത്തറിയാനുള്ള സന്ദര്‍ഭം കൂടിയാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും ജനവിഭാഗങ്ങള്‍ക്കിടയിലും രൂപംകൊണ്ട് പ്രചരിക്കുന്ന വ്യത്യസ്ത കലാരൂപങ്ങള്‍ കലോത്സവവേദിയിലുണ്ട്. വടക്കന്‍ കേരളത്തിലെ പൂരക്കളിയും തെക്കന്‍കേരളത്തിലെ ചവിട്ടുനാടകവും വഞ്ചിപ്പാട്ടും മലബാറിന്റെ ഒപ്പനയും ഒരുസ്ഥലത്ത് അരങ്ങേറുന്ന അപൂര്‍വ്വഅനുഭവമാണിത്. ഇവിടെ എല്ലാ ഭേദങ്ങളും അപ്രത്യക്ഷമാകുന്നു. കലയും മനുഷ്യസ്നേഹവും സംസ്കാരമാവുന്നു. നമുക്കും ഇതിന്റെ പതാകാവാഹകരാവാം....

(കേരളീയകലകളെക്കുറിച്ചുള്ള പ്രാഥമികമായ ചിലവിവരങ്ങളാണ് ചുവടെ. ആസ്വാദനത്തിനൊപ്പം അന്വേഷണത്തിനും കലോത്സവം അവസരമൊരുക്കട്ടെ..)

കഥകളി

കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളികൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടംതെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ് . 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു .കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി. നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു. കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.

നങ്ങ്യാര്‍കൂത്ത്

ഉഷാനങ്ങ്യാര്‍
കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്. ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം സുഭദ്രാധനഞ്ജയം നാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആ‍ണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു.

ഓട്ടന്‍തുള്ളല്‍

മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

ഒപ്പന
‘അബ്ബന’ എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത്
ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.
വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയാ‍യി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്. ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. നിക്കാഹിനായി വധുഗൃഹത്തിലേക്കു പുറപ്പെടും മുൻപ് വരന്റെ വീട്ടിലും ചിലപ്പോൾ ഒപ്പന അരങ്ങേറാറുണ്ട്. ഇവിടെ പക്ഷേ നൃത്തമവതരിപ്പിക്കുന്നത് പുരുഷന്മാരായിരിക്കും. മധ്യത്തിലിരിക്കുന്നത് മണവാളനും.

ചവിട്ടുനാടകം
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപംപോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം കൊണ്ടത് . ഉദയംപേരൂർ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും ലത്തീൻ പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതനെ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും ലത്തീൻ പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽമാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്, അതുകൊണ്ട് ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറയാനാവില്ല എന്നും അഭിപ്രായമുണ്ട്. ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.

ഗസല്‍
ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസീദയിൽ (qasida) നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്. സ്ത്രീയോട് സ്നേഹത്തെപ്പറ്റി പറയുക എന്നാണ് എന്നാണ് അറബിയിൽ ഈ വാക്കിനർത്ഥം.
ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ തഷ്ബീബിൽ (Tashbeeb ) നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 7 മുതൽ 12 വരികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.
ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര. സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്ത്യയിലെത്തിയതോടെ ഉറുദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉറുദുവിലും പേർഷ്യനിലുമാണ്. അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താണ് ഗസലുകൾക്ക് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയാ‍യിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയർന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇൻ‌ഡ്യൻ കവിയായിരുന്ന അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും (Mirza Bedil) ഗസലുകളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഉർദുവിലും ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർ‌ത്തിച്ച് കൊണ്ട് പേറ്‌ഷ്യനിലും ഉർദുവിലും ഖവാലികൾ രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹതിന്റെ കബറിടത്തിൽ ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.

ഗസലിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

No comments:

Post a Comment