നന്ദി.. കലയും ജീവിതവും കൈകോര്‍ക്കുന്ന പരുതൂരിന്റെ മണ്ണില്‍ ഒരു കലോത്സവത്തിനുകൂടി തിരശ്ശീലവീണു. നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരിസുഹൃത്തുക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളുടെ കലാമേള ഉത്സവമാക്കി.. എല്ലാവര്‍ക്കും നന്ദി... അരങ്ങില്‍ വസന്തമൊരുക്കിയ കലാപ്രതിഭകള്‍ക്ക് അഭിവാദനങ്ങള്‍.. മത്സരങ്ങള്‍ക്കപ്പുറം ജീവിതത്തിലാകെ തെളിച്ചം പകരട്ടെ, ഈ ഉത്സവം.. ആശംസകളോടെ, പ്രോഗ്രാംകമ്മിറ്റി

Thursday, 14 November 2013


കാത്തിരിപ്പിന്റെ കല
കാത്തിരിപ്പിന്റെ കല പഠിക്കേണ്ടത് മീന്‍പിടുത്തക്കാരില്‍നിന്നാണ്. പുഴയോരത്ത് മഴകൊണ്ട്, തെല്ലും ധിറുതിയില്ലാതെ, കാത്തുകാത്തിരിക്കുകയാണിവര്‍.. പകലന്തിയോളം.. ചിലപ്പോള്‍ നാട്ടുവെളിച്ചംമാത്രം കൂട്ടുള്ള രാവറുതികളില്‍... പുഴയില്‍നിന്ന് പൊന്തിവരുന്ന രാജകുമാരിയെക്കാത്ത്.. ഇവര്‍ക്ക് ഹൃദിസ്ഥമാണ് പുഴയൊഴുക്കിന്റെ ശബ്ദം.. പുഴയൊഴുകും വഴി.. ഒഴുക്കിനടിയില്‍ രാജകുമാരിമാരുടെ മഴക്കാലവസതികള്‍, നടപ്പാതകള്‍..
മീന്‍പിടുത്തം ഇവര്‍ക്ക് തൊഴില്‍ മാത്രമല്ല. ഹരമാണ്. പുഴയും മീനുമറിയാതെ മീന്‍പിടിക്കണമെന്ന് മംഗലംകാരന്‍ ബാബു പറയും. വെള്ളിയാങ്കല്ലിലെ മീന്‍പിടുത്തക്കാരില്‍ താരമാണ് ബാബു. “ഓനെപ്പഴും പൊഴടെ തീരത്താ.. ഞങ്ങള്‍ക്കൊന്നും മീന്‍ കിട്ടീല്ലെങ്കിലും ഓന് കിട്ടും. പൊഴ ഓന് കൊട്ക്കും..” കൂടെയുള്ളവര്‍ പുകഴ്ത്തുമ്പോള്‍ ബാബു ചിരിക്കും. കൊട്ടവലയിട്ടാണ് ഇപ്പോള്‍ മീന്‍പിടുത്തം. കസേരയുടെ മാതൃകയില്‍ കമ്പിയും വടിയും വച്ച്കെട്ടി കൊട്ടയൊരുക്കും. മഴകനക്കുമ്പോള്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ തുറക്കും. ഇത് ചാകരക്കാലമാണ്. ഷട്ടറുകള്‍ക്കടിയിലൂടെ കുത്തിയൊലിച്ചുവരുന്ന പുഴവെള്ളത്തില്‍ മീനുകളുണ്ടാകും. ഷട്ടറിനുമുമ്പുള്ള ശാന്തമായ ജലസംഭരണിയില്‍നിന്ന് പൊടുന്നനെ കുത്തൊഴുക്കിലകപ്പെടുമ്പോള്‍, മീനുകള്‍ പരിഭ്രാന്തി കാട്ടും. തിരിച്ചൊഴുകാന്‍ ശ്രമിക്കും. കഴിയില്ല. വെപ്രാളത്തില്‍ മുകളിലേക്ക് ചാടും. ഈ ചാട്ടമാണ് മീന്‍പിടുത്തക്കാരുടെ ലാക്ക്. ചാടുന്ന സ്ഥലങ്ങളില്‍ വലയൊരുക്കിയിട്ടുണ്ടാകും. വെള്ളിയാങ്കല്ലിലിപ്പോള്‍ പാലത്തിന്റെ കൈവരിയില്‍ മുപ്പതിലേറെ വലകള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്. ഓരോ ഷട്ടര്‍വിടവിലും ചുരുങ്ങിയത് രണ്ട് വലകളുണ്ടാകും.
പുഴയോരത്തെ തകൃതിയായ മീന്‍വില്പനയെക്കുറിച്ച് കക്കാട്ടിരിക്കാരനായ മാടമ്പി പറയുന്നു. "കരിമീന്‍, കുയില്, വാള, നീളന്‍ തുടങ്ങി വ്യത്യസ്തയിനം മത്സ്യങ്ങള്‍ കിട്ടാറുണ്ട്.. കരിമീന്‍ കിലോ 300-350 രൂപവരെയുണ്ടാകാറുണ്ട്. കുയിലിനും കിലോ 200 രൂപ വച്ച് വിക്കാറുണ്ട്. കുയില് 30-35കിലോ വരെ ഭാരമുള്ളവ കിട്ടാറുണ്ട് ."
ബാബുവിനോടും മാടമ്പിയേട്ടനോടുമൊപ്പമിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. വെറുതെ, ഒരു രസത്തിന്, കൊട്ടവലകള്‍ക്കിടയില്‍ ക്യാമറവലയിട്ടു. കാതില്‍ വെള്ളിയാങ്കല്ലിലെ പുഴയൊച്ചമാത്രം നിറഞ്ഞ മണിക്കൂറുകള്‍.. കൊട്ടവലയുടെ ചാഞ്ചാട്ടം ക്ലിക്കി കുറേനേരം കഴിഞ്ഞു. ഇടക്കെപ്പോഴോ, കൊതിപ്പിക്കാനെന്നോണം 'കുയില്‍' പറന്നുപൊന്തി. രണ്ടു വലകള്‍ക്കുമിടയില്‍. ഒരു ക്ലിക്കിനുള്ള സമയമുണ്ടോ ? ക്ലിക്ക് ചോയ്തുവോ ?
ക്യാമറയില്‍പ്പതിഞ്ഞ ചിത്രം പരിശോധിക്കുമ്പോള്‍ കണ്ടു. മീന്‍ കാത്തിരിക്കുന്ന രണ്ടുവലകളും - ഇടക്ക് വായുവില്‍ പൊന്തി നില്‍ക്കുന്ന മീനും. ഓര്‍മ്മ വന്നത് കൊച്ചുബാവയുടെ പുസ്തകത്തില്‍ വായിച്ച ആമുഖക്കുറിയാണ്. വലക്കാരുടെ പ്രാര്‍ത്ഥന – ദൈവമേ, ഇന്ന് ധാരാളം മീനുകളെ കിട്ടണേ. മീനുകളുടെ പ്രാര്‍ത്ഥന – ദൈവമേ, ഇന്ന് ഒരു വലയിലും പെടരുതേ.. ജയിക്കാന്‍ പോകുന്നത് ഏത് പ്രാര്‍ത്ഥനയാണ് ? -----------------(കെ.ജയാനന്ദന്‍)---------------

No comments:

Post a Comment